റിയാദ്: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്‌റ്റോറന്റ്, കഫേ എന്നിവിടങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്ന് വ്യക്‌തമാക്കി സൗദി. ഇത്തരം സ്‌ഥാപനങ്ങൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. പക്ഷേ രോഗവ്യാപനം തടയുന്നതിനായി സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മൂന്ന് മീറ്റർ അകലമാണ് റസ്‌റ്റോറന്റുകളിലും, കഫേകളിലും ടേബിളുകൾ തമ്മിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഈ അകലം പാലിക്കാൻ സാധിക്കാത്ത സ്‌ഥാപനങ്ങളിൽ ഭക്ഷണം പാഴ്‌സലായി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ എന്നും അധികൃതർ അറിയിച്ചു.
അതേസമയം ഒരു കുടുംബത്തിലെ ആളുകൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നും, പക്ഷേ ഒരു ടേബിളിന് ചുറ്റും 10 പേരിൽ കൂടുതൽ ആളുകൾ പാടില്ലെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും, ജീവനക്കാരും കൃത്യമായി മാസ്‌ക് ധരിക്കണമെന്നും, ഭക്ഷണം പാകം ചെയ്യുന്ന സ്‌ഥലത്തും ജീവനക്കാർ സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി






































