കോഴിക്കോട്: കുറ്റ്യാടി-പക്രതളം ചുരത്തിൽ നിന്ന് കത്തിനശിച്ച വാഹനങ്ങൾ റോഡിൽ നിന്ന് ഇതുവരെ നീക്കിയില്ലെന്ന് പരാതി. ഇത് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ഒരാഴ്ച മുൻപ് കത്തിനശിച്ച ട്രാവലറും, രണ്ട് കാറുകളും ആണ് ഇപ്പോഴും റോഡരികിൽ കിടക്കുന്നത്. ഇത് പലപ്പോഴും ചുരത്തിൽ ഗതാഗത തടസം സൃഷ്ടിക്കാറുണ്ട്.
തൊട്ടിൽപ്പാലം-വയനാട് ചുരം റോഡിൽ ഓട്ടത്തിനിടയിൽ കഴിഞ്ഞ മാസം 24ന് ആണ് ടെമ്പോ ട്രാവലറിന് തീപിടിച്ചത്. തീപിടിച്ച ഉടനെ ഡ്രൈവറും 20 യാത്രക്കാരും പുറത്തേക്ക് ഓടി രക്ഷപെട്ടതിനാലാണ് വൻ അപകടം ഒഴിവായത്. വാഹനം പൂർണമായി കത്തിനശിച്ചിരുന്നു. ഇലക്ട്രിക്കൽ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചുരം കയറുന്നതിനിടെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തി യാത്രക്കാരെ ഇറക്കിയത്. ഡിസംബർ 24ന് ഉച്ചയോടെയായിരുന്നു സംഭവം. ഏതാണ്ട് 13 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. അതേസമയം, ചുരം റോഡിൽ രണ്ടുമാസത്തിനിടെ പത്താംവളവിലും പക്രതളം പാലത്തിനടുത്ത് വെച്ചുമായി രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു.
Most Read: കാസർഗോഡ് ജില്ലയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചു





































