ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഷാൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കൾക്ക് രക്ഷപെടാൻ സഹായം ചെയ്തയാളാണ് സുരേഷ് ബാബു.
ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ നാല് ദിവസം മുൻപ് തൃശൂർ കള്ളായിയിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിൽ എത്തിച്ചാണ് തെളിവെടുത്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വിഷ്ണു, അഭിമന്യു, സനന്ദ് ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ആർഎസ്എസ് നേതാവായ സുധീഷിന്റെ കള്ളായിയിയിലെ വീട്ടിലാണ് മുഖ്യപ്രതികൾ ഒളിവിൽ കഴിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ഇവിടെയെത്തിച്ചത്.
Also Read: ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം; എഎസ്ഐക്കെതിരെ നടപടി








































