കണ്ണൂർ: ജില്ലയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ എഴുന്നൂറിലധികം കേസുകളാണ് എക്‌സൈസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കേസുകളിൽ പിടിയിലായവരിൽ കൂടുതലും യുവാക്കളാണെന്നാണ് വിവരം. കേരള-കർണാടക അതിർത്തി പ്രദേശങ്ങളിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട് ചെയ്‌തിട്ടുള്ളതെന്ന് കണ്ണൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെഎസ് ഷാജി അറിയിച്ചു.
എക്‌സൈസിന്റെ കണക്ക് പ്രകാരം 2020ൽ 380ഉം, 2021ൽ 382ഉം കേസുകളാണ് റിപ്പോർട് ചെയ്‌തത്. പിടിയിലായ 715 പ്രതികളിൽ കൂടുതലും യുവാക്കളാണ്. പതിനെട്ട് വയസിൽ താഴെയുള്ളവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയവയുടെ ഉപയോഗം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. 2020ൽ 57.78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെങ്കിൽ 2021ൽ 167.27 ഗ്രാമിലെത്തി. 2020ലെ ഒരു മില്ലിഗ്രാം എൽഎസ്‌ഡിയുടെ സ്‌ഥാനത്ത് 2021ൽ 697 മില്ലിഗ്രാം വരെ എത്തി.
293 കിലോ കഞ്ചാവും കഴിഞ്ഞ വർഷം പിടികൂടിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. അതേസമയം, കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ ഉൾപ്പടെ പരിശോധന ശക്‌തമാക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ലഹരിമരുന്നിന്റെ വ്യാപനം തടയുന്നതിനായി പ്രിവന്റീവ് ഓഫിസറുടെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം








































