ബത്തേരി: ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ളസ് ടു വിദ്യാർഥിയെ സ്കൂളിൽ നിന്ന് അന്യായമായി ടിസി കൊടുത്ത് പുറത്താക്കിയതായി പരാതി. സുൽത്താൻ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ രണ്ടാംവർഷ സയൻസ് വിദ്യാർഥിയായ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിലെ പിഎസ് മണിയെയാണ് ഒരുകാരണവും ഇല്ലാതെ സ്കൂളിൽ നിന്ന് ടിസി നൽകി വിട്ടത്.
കഴിഞ്ഞ മാസമാണ് മണിക്ക് ടിസി നൽകിയത്. മണിയിപ്പോൾ ബത്തേരിയിലെ സ്വകാര്യ പാരലൽ കോളേജിൽ പ്ളസ് വണ്ണിന് വീണ്ടും ചേർന്ന് പഠിക്കുകയാണ്. ലാപ്ടോപ്പ് കിട്ടാൻ രക്ഷിതാക്കളെ കൂട്ടികൊണ്ടുവരണമെന്ന് അധ്യാപകർ പറഞ്ഞത് പ്രകാരം അച്ഛനെയും അമ്മയെയും കൂട്ടി മണി സ്കൂളിൽ പോയി. എന്നാൽ, സ്കൂളിൽ എത്തിയ സമയത്ത് സയൻസിലാണ്, മണിക്ക് പഠിക്കാൻ ബുദ്ധിമുട്ടാകും എന്നൊക്കെ പറഞ്ഞാണ് അധ്യാപകർ ടിസി തന്നതെന്നാണ് മണിയുടെ അമ്മ ലക്ഷ്മി പറയുന്നത്.
ഹ്യൂമാനിറ്റിസിലേക്ക് മാറിക്കോ എന്ന് അധ്യാപകർ പറഞ്ഞത് കൊണ്ടാണ് അപേക്ഷ ഒപ്പിട്ടു കൊടുത്തതെന്ന് മണി പറഞ്ഞു. സയൻസിലായിരുന്നെങ്കിലും പഠിക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നെന്നും അധ്യാപകർ പറയുന്നതൊക്കെ വീട്ടിൽ വന്ന് പഠിച്ചിരുന്നതായും മണി പറയുന്നു. കർണാടക അതിർത്തിയോട് ചേർന്ന് വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ പൊൻകുഴി കോളനിയിലാണ് മണിയും കുടുംബവും താമസിക്കുന്നത്. വനത്തിനുള്ളിലെ ഈ ഭാഗത്ത് മൊബൈൽ നെറ്റ്വർക്ക് കുറവായതിനാൽ മണിക്ക് ഓൺലൈൻ ക്ളാസിൽ കൃത്യമായി പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
Most Read: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു; ദിലീപിനെതിരെ പുതിയ കേസ്








































