കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം സമ്മേളനത്തിൽ ചർച്ചയാകും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ ഭാഗമായ 3 മണ്ഡലങ്ങളിലെയും പരാജയവും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങളും ക്ഷീണമായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 മണ്ഡലങ്ങളിലും വിജയിച്ചെങ്കിലും വടകരയിലെ തോൽവി ഉണങ്ങാത്ത മുറിവായി. ജില്ലാതല പര്യടനം പൂർത്തിയാക്കി മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിലേക്കു മാത്രമായി ജില്ലയിൽ വീണ്ടും എത്തിയിരുന്നു. വടകര മണ്ഡലത്തിൽ സിപിഎമ്മിന് സംഘടനാ ദൗർബല്യമുണ്ടെന്നായിരുന്നു സംസ്‌ഥാന കമ്മിറ്റി തയ്യാറാക്കിയ നിയമസഭാ അവലോകന റിപ്പോർട്ടിലെ വിമർശനം.
അതേസമയം, മുഖ്യമന്ത്രിയും സംസ്‌ഥാന സെക്രട്ടറിയും ഉൾപ്പെടെയുള്ള സംസ്‌ഥാന നേതാക്കൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഈ വിഷയങ്ങൾ അംഗങ്ങൾ ഉന്നയിക്കുമോ എന്നാണ് അംഗങ്ങൾ ഉറ്റുനോക്കുന്നത്. ആദ്യദിവസമായ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കില്ല. നാളെ മുതൽ അദ്ദേഹം സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: പങ്കാളികളെ കൈമാറൽ; ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, പ്രതികൾക്കായി അന്വേഷണം ശക്‌തം







































