ബത്തേരി: അടിപിടിക്കേസിൽപെട്ട പ്രതിയെ അന്വേഷിച്ചെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. ഞായറാഴ്‌ച വൈകിട്ട് ആറുമണിയോടെ മന്ദംകൊല്ലിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് പ്രതികൾ ചേർന്ന് പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായിട്ടുണ്ട്. കൊളഗപ്പാറ നെടിയക്കാലായിൽ സുരേഷ് കുമാർ (47), സുഹൃത്ത് അരിവയൽ തെന്നടിയിൽ ജോയ് (49) എന്നിവരെയാണ് ബത്തേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
സുരേഷ് കുമാറിനെ തേടിയായിരുന്നു പോലീസ് എത്തിയത്. സുരേഷിനെതിരെ ചൂരിമല സ്വദേശിയായ സുനീഷ് ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്‌ച വൈകിട്ട് പിക്കപ് ജീപ്പിൽ പുല്ല് കയറ്റിവരുന്നതിനിടെ ചൂരിമലക്കടുത്തുവെച്ച് സുരേഷ് കുമാർ റോഡിൽ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നായിരുന്നു സുനീഷിന്റെ പരാതി. തുടർന്ന് ഇയാളെ പിടികൂടാനായി ഒരു എഎസ്‌ഐയും രണ്ട് പോലീസുകാരും മന്ദംകൊല്ലിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം എത്തിയത്.
ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടപ്പോഴാണ് സുരേഷ് കുമാറും കൂടെ ഉണ്ടായിരുന്ന ജോയിയും ചേർന്ന് എഎസ്ഐ കെവി തങ്കപ്പൻ, സിവിൽ പോലീസ് ഓഫിസർ എംഎൻ അനീഷ് കുമാർ എന്നിവരെ ആക്രമിച്ചത്തിന് ശേഷം ബീനാച്ചി എസ്‌റ്റേറ്റിലേക്ക് ഓടിരക്ഷപെട്ടത്. ഇവരെ എസ്‌ഐ ജെ ഷാജീമിന്റെ നേതൃത്വത്തിൽ രാത്രിയോടെ തന്നെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.
Most Read: കോവിഡ് വ്യാപനം; രാത്രികാല കർഫ്യൂ 31 വരെ നീട്ടി തമിഴ്‌നാട്






































