ഇടുക്കി: പൈനാവ് ഗവ. എൻജിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റുമോർട്ടത്തിന് ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
യാത്രക്കിടെ വിവിധ സ്‌ഥലത്ത് പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് നിഖിൽ പൈലിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചിരുന്നു. കസ്‌റ്റഡിയിൽ എടുത്ത മറ്റ് അഞ്ച് പേരിൽ ആരെയൊക്കെ പ്രതിപട്ടികയിൽ ചേർക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.
ആക്രമണത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശി ടി അഭിജിത്ത്, അമൽ എന്നിവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇതിനിടെ ധീരജിന് അന്ത്യവിശ്രമത്തിനും സ്‌മാരകം പണിയുന്നതിനുമായി വീടിനടുത്തുള്ള എട്ട് സെന്റ് സ്‌ഥലം സിപിഎം വിലയ്‌ക്ക് വാങ്ങിയിരുന്നു. കണ്ണൂർ ജില്ലയിലെ തൃച്ചംബരം പരിസരത്താണ് ഇതിനായി സ്‌ഥലം വാങ്ങിയത്.
Also Read: കോവിഡ് പ്രതിരോധം; മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാനുമായി ആരോഗ്യവകുപ്പ്