ന്യൂഡെൽഹി: റിപ്പബ്ളിക് ദിന പരേഡ് ഇത്തവണ വൈകും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, ഈ വർഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. 75 വർഷത്തിനിടെ ഇതാദ്യമായാണ് പരേഡ് വൈകുന്നത്.
കോവിഡ് നിയന്ത്രണങ്ങളാണ് പരേഡ് വൈകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. പരേഡിന് മുൻപ് ജമ്മു കശ്മീരിൽ ജീവൻ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിക്കും. “ചടങ്ങ് കഴിഞ്ഞ വർഷത്തെ പോലെ 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദർശിക്കും. പിന്നീട് സംഘങ്ങൾ മാർച്ച് പാസ്റ്റ് നടത്തും. സാംസ്കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും.” ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിശ്ചല ദൃശ്യങ്ങൾ ചെങ്കോട്ട വരെ പോകുമെന്നും എന്നാൽ മാർച്ചിങ് നാഷണൽ സ്റ്റേഡിയത്തിൽ നിർത്തുമെന്നും ഓഫിസർ കൂട്ടിച്ചേർത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരൻമാർക്ക് ആരെയും കാണാൻ അനുവാദമില്ല. കലാകാരൻമാർ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഈ വര്‍ഷത്തെ റിപ്പബ്ളിക് ദിന പരേഡില്‍ കേളത്തിന്റെ നിശ്ചല ദൃശ്യമുണ്ടാകില്ല. കേരളം സമര്‍പ്പിച്ച നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ളിക് ദിന പരേഡ്. സാമൂഹ്യ പരിഷ്കര്താവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യം തയ്യാറാക്കിയാണ് കേരളം സമര്‍പ്പിച്ചത്.
ആദ്യ റൗണ്ടില്‍ കേരളത്തിന്റേത് മികച്ച നിശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ദൃശ്യം തള്ളിയത്. ഇതിനുപകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കാനും നിർദ്ദേശിക്കുകയായിരുന്നു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കേരളം തയ്യാറാകാത്തതിനാൽ അപേക്ഷ തള്ളുകയായിരുന്നു.
ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാർ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. തൊട്ടുകൂടായ്മക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ എടുത്ത് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു അടക്കമുള്ളവർ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചു. ശിവഗിരി മഠവും പ്രതിഷേധം അറിയിച്ചിരുന്നു.
Also Read: ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്റ്റിൽ