കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതേത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ നിർദ്ദേശം നൽകി. വ്യാപാര സ്ഥാപനങ്ങളിലും, ചടങ്ങുകളിലും അനുവദനീയമായതിൽ കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയും. ഇതിനായി പോലീസ് പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി.
ഷോപ്പിങ് മാളുകൾ, ബീച്ചുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയിലും കൂടുതൽ ആളുകളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് സ്ക്വാഡുകളുടെ ചുമതല. ജില്ലയിലെ കോവിഡ് കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ശക്തിപെടുത്തിയിട്ടുണ്ട്. ചികിൽസയും ക്വാറന്റെയ്നുമായും ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ജില്ലാ കോൾ സെന്ററുമായി ബന്ധപ്പെടാം.
അതേസമയം, പരിയാരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നാളെ മുതൽ ഒപി സമയം രാവിലെ എട്ട് മുതൽ 11 വരെയായിരിക്കും. പ്രത്യേക പനി ക്ളിനിക് രണ്ടാം നിലയിൽ പ്രവർത്തിക്കും. കോവിഡ് ഇതര വിഭാഗത്തിലെ അടിയന്തിരമല്ലാത്ത സർജറികൾ തൽക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരെയാണ് ഇപ്പോൾ പരിയാരത്തേക്ക് റഫർ ചെയ്യുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 16 തടവുകാർക്കും നാല് ജീവനക്കാർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയ തടവുകാരെ നാലാം ബ്ളോക്കിൽ പ്രത്യേകമായി പാർപ്പിച്ചിരിക്കുകയാണ്. പല ജയിലുകളിൽ നിന്നുള്ള റിമാൻഡ് പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നുണ്ട്. ഇങ്ങനെ എത്തുന്നവരാണ് പലപ്പോഴും രോഗ വാഹകരാകുന്നതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
Most Read: ഒമൈക്രോൺ ഭീഷണി; നഗരങ്ങൾ സമൂഹവ്യാപന ഘട്ടത്തിൽ









































