ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,35,532 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധനയും ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 871 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും മരണനിരക്ക് ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായതിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞ 24 മണിക്കൂറിലാണ്.
അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി വിദഗ്‌ധർ വ്യക്‌തമാക്കുന്നുണ്ട്. 13.3 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും 3 ലക്ഷത്തിന് മുകളിൽ ആളുകൾ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. 3,35,939 ആളുകളാണ് രോഗമുക്‌തരായത്. 93.89 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക്.
Read also: ദേവസ്വം ബോർഡ് അറിയാതെ ക്ഷേത്രഭൂമി പാട്ടത്തിന് നൽകി; അന്വേഷണം







































