ഡെൽഹി: ഇതിഹാസ ഗ്രാൻഡ്‌മാസ്‌റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്‌തംബർ 10ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022ന് മുന്നോടിയായാണ് നടപടി. അദ്ദേഹവും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത വ്യാഴാഴ്‌ച ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എഐസിഎഫ്) പ്രസ്‌താവനയിൽ പറഞ്ഞു.
2022 ഏഷ്യൻ ഗെയിംസിനായി എഐസിഎഫ് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. അന്താരാഷ്‌ട്ര റേറ്റിംഗിന്റെ അടിസ്‌ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്.
വിദിത് ഗുജറാത്തി, പി ഹരികൃഷ്‌ണ, നിഹാൽ സരിൻ, എസ്എൽ നാരായണൻ, കെ ശശികിരൺ, ബി അധിബൻ, കാർത്തികേയൻ മുരളി, അർജുൻ എറിഗൈസി, അഭിജിത് ഗുപ്‌ത, സൂര്യ ശേഖർ ഗാംഗുലി എന്നിവർ പുരുഷൻമാരുടെ ടീമിൽ ഇടംനേടി.
കെ ഹംപി, ഡി ഹരിക, വൈശാലി ആർ, ടാനിയ സച്ച്ദേവ്, ഭക്‌തി കുൽക്കർണി, വന്തിക അഗർവാൾ, മേരി ആൻ ഗോമസ്, സൗമ്യ സ്വാമിനാഥൻ, ഈഷ കരവാഡെ എന്നിവരിൽ നിന്നാണ് വനിതാ ടീമിനെ തിരഞ്ഞെടുക്കുന്നത്.
ചെസ് ഇവന്റ് സെപ്റ്റംബർ 11ന് ആരംഭിക്കുകയും രണ്ട് ഫോർമാറ്റുകളിലായി കളിക്കുകയും ചെയ്യും. പുരുഷൻമാരുടെയും സ്‌ത്രീകളുടെയും വ്യക്‌തിഗത ഇവന്റ് സെപ്റ്റംബർ 11– 14 വരെ റാപ്പിഡ് ടൈം കൺട്രോളിൽ കളിക്കും. നാല് ബോർഡ് അഞ്ചംഗ ടീം ഇവന്റ് സെപ്റ്റംബർ 16– 24 വരെ സ്‌റ്റാൻഡേർഡ് സമയ നിയന്ത്രണത്തിന് കീഴിൽ കളിക്കും. അഭിജിത് കുന്റെ, ദിബെയാന്ദു ബറുവ, ദിനേഷ് ശർമ എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ഏപ്രിലിൽ അഞ്ച് കളിക്കാരുടെ അന്തിമ പട്ടിക തീരുമാനിക്കും.
Most Read: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണം; അരവിന്ദ് കെജ്‌രിവാൾ





































