മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പൊതുഗതാഗത സൗകര്യം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്‌തം. കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. കഴിഞ്ഞ ഫെബ്രുവരി 13ന് ആരംഭിച്ച കെഎസ്‌ആർടിസിയുടെ എസി ലോഫ്‌ളോർ സർക്കുലർ ബസ് സർവീസ് ഒരുമാസം തികയും മുൻപ് അവസാനിപ്പിച്ചു.
കോവിഡ് ലോക്ക്‌ഡൗണിൽ യാത്രക്കാർ കുറഞ്ഞതാണ് സർവീസ് നിർത്താൻ കാരണമായത്. വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണവും കുറവായിരുന്നു. എന്നാൽ ആഭ്യന്തര യാത്രക്കാർ വിമാനത്താവളത്തിൽ സജീവമാകാൻ തുടങ്ങിയിട്ടും വീണ്ടും ബസ് സർവീസ് ആരംഭിച്ചില്ല. ചുരുങ്ങിയ ചെലവിൽ എയർപോർട്ടിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കും തിരിച്ചും എത്തിച്ചേരാൻ ബസ് സർവീസ് ഫലപ്രദമാണ്.
വിമാനത്താവളത്തിലെ ജീവനക്കാർക്കും ബസ് സർവീസ് ആശ്രയമായിരുന്നു. തലശ്ശേരി, കണ്ണൂർ ഡിപ്പോകളിൽ നിന്ന് ഓരോ ബസ് വീതമാണ് സർവീസ് നടത്തിയിരുന്നത്. ലോ ഫ്‌ളോർ സർവീസ് ആരംഭിക്കുന്നതിന് മുൻപ് വിമാനത്താവളത്തിൽ നിന്ന് മട്ടന്നൂർ ടൗൺ, ഇരിട്ടി, കണ്ണൂർ ടൗണുകളെ ബന്ധിപ്പിക്കുന്ന ഏക സർവീസും അവസാനിപ്പിച്ചിരുന്നു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക് മുൻപ് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കും കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്കും കെഎസ്‌ആർടിസി ബസ് സർവീസ് ഉണ്ടായിരുന്നു. താൽക്കാലികമായി എല്ലാം നിർത്തിയിരിക്കുകയാണ്.
Also Read: അട്ടപ്പാടി മധു കേസ്; വിചാരണ വൈകിച്ചത് പോലീസെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ






































