കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാൽറ്റി, പിഎംഎസ്‌എസ് വൈ ബ്‌ളോക്ക് എന്നിവയെ പരസ്‌പരം ബന്ധിപ്പിക്കുന്നതാണ് ആകാശപ്പാത. പിഎംഎസ്‌എസ്‌വൈ ബ്‌ളോക്കുമായി ബന്ധിപ്പിക്കുന്ന അവസാനഘട്ട പ്രവർത്തി പുരോഗമിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് കഴിഞ്ഞാൽ രണ്ടാമതായി ആകാശപ്പാതയുള്ളത് കോഴിക്കോട് മെഡിക്കൽ കോളജിലാണ്. 2.25 കോടിക്കാണ് പിഡബ്‌ള്യുഡി കോൺട്രാക്‌ടർ കെവി സന്തോഷ് കുമാർ കരാറെടുത്തത്. എന്നാൽ മുൻ കളക്‌ടർ സാംബശിവ റാവുവിന്റെയും പ്രിൻസിപ്പൽ ഡോ.വിആർ രാജേന്ദ്രന്റെയും അഭ്യർഥന പ്രകാരം 2 കോടി രൂപയ്‌ക്ക് പ്രവർത്തി നടത്താൻ സന്തോഷ് കുമാർ തയ്യാറാവുകയായിരുന്നു.
172 മീറ്റർ നീളത്തിലും 13 അടി വീതിയിലും 20 ഇരുമ്പു തൂണുകളിലായാണ് സ്‌റ്റീൽ സ്‌ട്രക്‌ചറിൽ പാത നിർമിച്ചിരിക്കുന്നത്. ഒരേ സമയം 2 ബാറ്ററി കാറുകൾക്ക് ഇരുവശത്തേക്കും പോകാൻ പറ്റും. കോഴിക്കോട് എൻഐടിയിലെ വിദഗ്‌ധരാണ് രൂപരേഖ തയാറാക്കിയത്. എൻഐടിയും മരാമത്ത് വകുപ്പും മറ്റും ചേർന്നുള്ള കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.
Also Read: സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക്; സ്വകാര്യ ബസ് ഉടമകൾ






































