മലപ്പുറം: ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്‌ഥലങ്ങളിലെ ഇനിയും പൊളിച്ചുനീക്കാത്ത കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി. 350ലധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനായുള്ളത്. ഇടിമുഴിക്കൽ ഭാഗത്തു നിന്നാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് അവശേഷിക്കുന്ന വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത്. ഫെബ്രുവരി 10നകം കെട്ടിടങ്ങൾ പൊളിച്ചുനീക്കി നൽകണമെന്ന് നിർമാണം ഏറ്റെടുത്ത, ഹൈദരാബാദ് ആസ്‌ഥാനമായ കെഎൻആർസിഎൽ കമ്പനി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനു ശേഷം ആറുവരിപ്പാത കടന്നുപോകുന്നിടങ്ങളിൽ 7 മീറ്റർ വീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുകൾ നിർമിക്കും. ഇതിന്റെ നിർമാണം പൂർത്തിയായതിനു ശേഷം വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടും. അതിനുശേഷമേ ആറുവരിപ്പാതയുടെ നിർമാണം ആരംഭിക്കൂ.
പാലങ്ങളും മേൽപ്പാലങ്ങളും ഉള്ളിടത്ത് സർവീസ് റോഡുകൾ ആറുവരിപ്പാതയുമായി ബന്ധിപ്പിച്ചാണ് നിർമിക്കുക. കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയിലെ ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാടു വരെയുമുള്ള രണ്ട് റീച്ചുകളാണ് ജില്ലയിൽ ആറുവരിപ്പാതക്കുള്ളത്. ജില്ലയിൽ ആറുവരിപ്പാതക്ക് 76 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിനായി 203 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
Most Read: കരിപ്പൂരിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ‘റിലേസിയോണ്‍’ യുഎഇ പ്രവാസി സംഗമം








































