അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിൽ 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകി തുടങ്ങി. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷനായി ഡിഎച്ച്എ ആപ്പിലൂടെയോ ഫോണിലൂടെയോ രക്ഷിതാക്കൾ ബുക്ക് ചെയ്യണം.
എന്നാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്നും, താൽപര്യമുള്ളവർ മാത്രം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു. ഊദ് മേത്ത വാക്സിനേഷൻ സെന്റർ, അൽ തവാർ, അൽ മിസ്ഹർ, നാദ് അൽ ഹമർ, മൻഖൂൽ, അൽ ലുസൈലി, നാദ് അൽ ഷെബ, സബീൽ, അൽ ബർഷ ഹെൽത്ത് സെന്ററുകൾ എന്നിവയാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം മെയ് മാസം മുതൽ 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചിരുന്നു.
Read also: ലൈഫ് മിഷനിലേക്ക് സൗജന്യമായി ഭൂമി നൽകി അടൂർ ഗോപാലകൃഷ്ണൻ






































