മലപ്പുറം: ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പുഴയോരത്തെ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു. തണ്ണീർത്തടങ്ങൾ നികത്തുന്നതിൽ റവന്യൂ വകുപ്പിന്റെ പരിശോധനയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പുഴയോരത്തെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനായി പുഴയോര, പുറമ്പോക്ക് ഭൂമികളിലെ കൈയേറ്റങ്ങൾ പരിശോധിക്കണമെന്ന് നേരത്തേ റവന്യൂ വകുപ്പിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പുതിയ ഭരണസമിതി വന്നതിനുശേഷവും നിരവധി തവണ ആവശ്യമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പഞ്ചായത്തധികൃതർ പറയുന്നു.
തണ്ണീർത്തടങ്ങൾ നികത്തുന്നതുമൂലം മഴക്കാലങ്ങളിൽ പുഴയോരത്തെ വീടുകളിലേക്കുൾപ്പടെ വെള്ളം കയറുമെന്നാണ് നാട്ടുകാർ പറയുന്നത്. തണ്ണീർത്തടങ്ങൾക്ക് പുറമെ പഞ്ചായത്തിലെ വിവിധ വയലുകളും വ്യാപകമായി മണ്ണിട്ടു നികത്തുന്നതായും പരാതിയുണ്ട്.
അതേസമയം പാറയിൽ ഭാഗത്ത് പുല്ലിപ്പുഴയോരത്തെ കണ്ടൽക്കാടുകളുൾപ്പെട്ട തണ്ണീർത്തടം മണ്ണിട്ടു നികത്താനുള്ള ശ്രമം കഴിഞ്ഞദിവസം വില്ലേജ് അധികൃതർ തടഞ്ഞിരുന്നു. സ്‌ഥലമുടമയ്‌ക്ക് നോട്ടീസും നൽകി. മണ്ണ് നീക്കംചെയ്യാൻ ചേലേമ്പ്ര വില്ലേജ് ഓഫിസർ നിർദ്ദേശിച്ചിട്ടുണ്ട്.
Malabar News: കാസർഗോഡ് ബെവ്കോ ഔട്ട്ലെറ്റ്; വരുമാനമുണ്ട്, പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല








































