തിരുവനന്തപുരം: ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നൽകിയ ഓഡിയോ ക്‌ളിപ്പുകളിലെ ശബ്‌ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്‌ത്രീയമായി ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനിടെ കേസിന്റെ എഫ്‌ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ്. ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ വച്ച് ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്‌ളിപ്പുകൾ കേസിലെ നിർണായക തെളിവാണ്.
ദിലീപും അനൂപും സൂരാജും ഉൾപ്പെടുന്ന സംഭാഷണങ്ങളാണിവ. നോട്ടീസ് നൽകിയത് പ്രകാരം 11 മണിയോടെ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ കാക്കനാട് ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിൽ എത്തി. സ്‌റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്ന ശബ്‌ദ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഒരാഴ്‌ചയ്‌ക്കുള്ളിൽ പരിശോധന ഫലങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ.
തുടർന്നായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. ഓഡിയോ ക്‌ളിപ്പുകളിലുള്ള ശബ്‌ദം തന്റേത് തന്നെയാണെന്ന് ദിലീപ് സമ്മതിച്ചിരുന്നു. എല്ലാം ശാപവാക്കുകൾ ആണെന്നായിരുന്നു ദിലീപിന്റെ വാദം.
Also Read: ഇഡി സമൻസ്; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന സുരേഷ്








































