കോഴിക്കോട്: കോടികളുടെ കുടിശ്ശിക വന്നതോടെ ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബിലേക്കുള്ള സ്‌റ്റെൻഡുകളുടെ (ഹൃദയ ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം) വിതരണം നിർത്തി. ഇതോടെ കാത്ത്‌ലാബിന്റെ പ്രവർത്തനം താൽകാലികമായി നിർത്തി. ആൻജിയോപ്‌ളാസ്‌റ്റിക്കുള്ള സ്‌റ്റെൻഡുകളും മറ്റ് ഉപകരണങ്ങളും നൽകിയ വകയിൽ രണ്ടുകോടിയോളം രൂപ കുടിശ്ശികയാണ്. ഫണ്ടില്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ആറുമാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. ഇതോടെ ആശുപത്രിയിൽ ശേഷിക്കുന്ന സ്‌റ്റെൻഡുൾപ്പടെ വിതരണക്കാർ തിരികെക്കൊണ്ടുപോയി. രണ്ടാഴ്‌ചയോളമായി വിതരണംതന്നെ നിലച്ചമട്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി. മറ്റുപല സർക്കാർ ആശുപത്രികളിലും സമാനരീതിയിൽ കുടിശ്ശികയുണ്ട്.
ആശുപത്രിയിൽ മുൻപ് കാർഡിയാക് യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. കാത്ത്‌ലാബ് പ്രവർത്തനം തുടങ്ങിയത് 2021 ജനുവരിയിലാണ്. ഏപ്രിൽ പകുതിയോടെയാണ് ശസ്‌ത്രക്രിയ തുടങ്ങിയത്. ജൂൺ വരെയുള്ള തുകമാത്രമാണ് വിതരണക്കാർക്ക് കൊടുത്തത്. ഉപകരണങ്ങൾ നൽകിയാൽ 90 ദിവസത്തിനുള്ളിൽ അതിന്റെ പണമടയ്‌ക്കണമെന്നാണ് വ്യവസ്‌ഥ. എന്നാൽ, എല്ലാ പരിധിയും ലംഘിക്കപ്പെട്ടതോടെയാണ് വിതരണം പൂർണമായി നിർത്തി അവ പിൻവലിച്ചത്.
നാൽപ്പതോളം കമ്പനികളാണ് സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്‌റ്റെൻഡ് വിതരണം ചെയ്യുന്നത്. പണമടച്ചില്ലെങ്കിൽ കമ്പനികൾ ഇവ നൽകില്ല. ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപകരണങ്ങൾ പിൻവലിച്ചതെന്ന് കമ്പനി പറയുന്നു.
കാത്ത്‌ലാബിന്റെ പ്രവർത്തനം നിലക്കുന്നതോടെ രോഗികൾ പ്രതിസന്ധിയിലാകും. ദിവസം ശരാശരി നൂറിലേറെ രോഗികൾ ഇവിടെ എത്താറുണ്ട്. ഗുരുതരമായ പ്രശ്‌നങ്ങൾക്കുള്ള ആൻജിയോപ്‌ളാസ്‌റ്റിയും ആൻജിയോഗ്രാമുമെല്ലാം ഇവിടെ ചെയ്യുന്നുണ്ട്. പരിമിതികൾക്കിടയിലും ചുരുങ്ങിയ കാലത്തിനിടെ 250ലേറെ ആൻജിയോപ്‌ളാസ്‌റ്റി ചെയ്‌തിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി സൗജന്യമായി ഹൃദയ ശസ്‌ത്രക്രിയ ചെയ്‌തതിന്റെ പണവും ആശുപത്രിക്ക് ലഭിച്ചിട്ടില്ല. ഫണ്ടുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ ലഭ്യമായ ഫണ്ടുപയോഗിച്ച് മൂന്നുമാസത്തെയെങ്കിലും കുടിശ്ശിക തീർക്കാനാണ് ശ്രമം.
Also Read: താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിലേക്ക്



































