കണ്ണൂർ: മാതമംഗലത്തെ ഹാർഡ്വെയർ ഷോപ്പ് പൂട്ടിയതിന് ലൈസൻസ് കാരണമാണെന്നും, ഇത് തൊഴിൽതർക്കമല്ലെന്നും മന്ത്രി വി ശിവൻകുട്ടി. ഒരു സ്ഥാപനം നടത്താനുള്ള ലൈസൻസ് ഉപയോഗിച്ച് മൂന്ന് സ്ഥാപനങ്ങൾ നടത്തിയെന്ന് മന്ത്രി പറഞ്ഞു. ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ പഞ്ചായത്താണ് സ്ഥാപനം അടപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ മാതമംഗലത്ത് സിഐടിയു ചുമട്ട് തൊഴിലാളികൾ സമരം നടത്തുന്നത് മൂലം എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്വെയർ സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നുവെന്നാണ് ഉടമയായ റബീഹ് പറഞ്ഞത്. കടയിൽ സാധനം വാങ്ങാൻ എത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റബീഹ് പറഞ്ഞു. എഴുപത് ലക്ഷം രൂപ മുതൽമുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ടി വന്നത്.
അതേസമയം, തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നും ആരെയും ഭീഷണി പെടുത്തിയിട്ടില്ലെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ചുമട്ട് തൊഴിലാളികളെ ചരക്ക് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സമരം നിർത്തില്ലെന്നും കട പൂട്ടിപ്പോകുന്നത് തങ്ങളുടെ പരിഗണനയിൽ ഉള്ള വിഷയം അല്ലെന്നുമാണ് സിഐടിവിന്റെ നിലപാട്. അതേസമയം, തൊഴിൽതർക്കമല്ലെന്നും ലൈസൻസ് മൂലമുള്ള വിഷയം കാരണമാണ് സ്ഥാപനം പൂട്ടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.
Most Read: 21ആം തീയതി മുതൽ ക്ളാസുകൾ സാധാരണ നിലയിൽ; ശനിയും പ്രവൃത്തി ദിവസം








































