കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് ഉളിയത്തടുക്കയിലെ പമ്പിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ മൂന്ന് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
പമ്പിന് സമീപം ഉള്ളവർ തന്നെയാണ് പ്രതികളെന്ന് പമ്പ് ഉടമയും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ എട്ട് പേർക്കെതിരെയാണ് പരാതി. 50 രൂപക്ക് പെട്രോൾ കടം ചോദിച്ചത് കൊടുക്കാതിരുന്നതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഘർഷങ്ങളുടെ തുടക്കം. ഉളിയത്തടുക്ക-മധൂർ റോഡിന് സമീപമുള്ള എകെ സൺസ് പെട്രോൾ പമ്പിലാണ് അക്രമി സംഘം അഴിഞ്ഞാടിയത്.
ആദ്യം ഇരുചക്ര വാഹനത്തിൽ എത്തിയ സംഘം 50 രൂപക്ക് പെട്രോൾ കടം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് സംഘർഷങ്ങളുടെ കാരണം. രാത്രി ഒരുമണിക്ക് ശേഷം കൂടുതൽ ആളുകൾ എത്തുകയും പമ്പിലെ ഓയിൽ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ പമ്പിലെ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ക്യാബിനുള്ളിലെ മുഴുവൻ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Most Read: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്






































