തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറാണ് അന്വേഷണം നടത്തുക. കൂടാതെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നേരത്തെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യവകുപ്പ് നിലവിൽ അന്വേഷണം നടത്തിവരികയാണ്.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവൽക്കരിക്കുക, അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാൾ മരിച്ചിരുന്നു. കൂടാതെ കോഴിക്കോട് ജില്ലയിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്‌ച ഒരു യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോകുകയും ചെയ്‌തു. ഇവരിൽ ഒരാളെ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി ഉത്തരവിട്ടത്.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. വിആര്‍ രാജു, ഡെപ്യൂട്ടി ഡയറക്‌ടർമാരായ ഡോ. കെഎസ് ഷിനു, ഡോ. ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read also: എയർ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞത് 16 മണിക്കൂർ










































