കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി അവിടെ എത്തിയിട്ടില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെള്ളയിൽ പോലീസിൽ പരാതി നൽകിയത്.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആണ് കുട്ടി ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തിയതായി രക്ഷിതാക്കൾ ബാലക്ഷേമ സമിതിയിയെ അറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സിഡബ്ള്യുസിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിക്കുന്നത്. ഇതിൽ രണ്ടുപേരെ കർണാടകയിൽ വച്ചും നാലുപേരെ മലപ്പുറത്ത് വച്ചും കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് കുട്ടികളെ വീട്ടുകാർക്കൊപ്പം അയച്ചത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിൽ എത്തിച്ചപ്പോൾ ഒരാൾ കൈഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തിരുന്നു.
Most Read: സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന







































