സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന

By Central Desk, Malabar News
Pinarayi Vijayan with the 'HRDS' founder Aji Krishnan
എച്ച്ആർഡിഎസ് പരിപാടിയിൽ പിണറായി വിജയൻ സംഘടനാ സ്‌ഥാപകൻ അജി കൃഷ്‌ണനൊപ്പം
Ajwa Travels

പാലക്കാട്: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയ ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന. ഈ സംഘടനയിൽ ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്‌ടറായാണ് സ്വപ്‍ന ചുമതലയേൽക്കുന്നത്.

സംസ്‌ഥാനത്തിന്‌ അകത്തും പുറത്തുമുള്ള ഒട്ടുമിക്ക രാഷ്‌ട്രീയ നേതാക്കളുമായും സഹകരിക്കുന്നതാണ് സംഘടനയുടെ നയം. രാജ്യത്ത് അവരാണ് ഭരണകർത്താക്കളായി വരുന്നത്. അല്ലാതെ, സംഘടനയ്‌ക്ക് രാഷ്‌ട്രീയമില്ല. എച്ച്ആർഡിഎസ് വക്‌താവ്‌ മലബാർ ന്യൂസിനോട്‌ വ്യക്‌തമാക്കി.

സംഘടനയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് വേണ്ട പണമെത്തിക്കുന്നതുമായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളുമായും അവിടങ്ങളിലുള്ള ഫണ്ടിംഗ് സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് സ്വപ്‍നയുടെ പുതിയ ജോലിയിലെ ചുമതല. 11നായിരുന്നു ചുമതലയേൽക്കേണ്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരുന്നത് കൊണ്ട് ഇന്നായിരിക്കും അവർ ചുമതലയേൽക്കുന്നത്. -വക്‌താവ്‌ വിശദീകരിച്ചു.

നിലവിൽ ‘എച്ച്ആർഡിഎസ്’ ഇന്ത്യയിൽ 10 ലക്ഷം ആദിവാസി കുടുംബങ്ങൾക്കു വീട് നിർമിച്ചു നൽകുന്ന ‘സദ്ഗൃഹ’ പദ്ധതിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ മാത്രം 300 വീടുകൾ സംഘടന പൂർത്തിയാക്കിയിട്ടുണ്ട്.

PS Sreedharan pillai with the 'HRDS' Functionസേലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമി ആത്‌മ നമ്പിയാണ് സംഘടനയുടെ നിലവിലെ അധ്യക്ഷൻ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ അജി കൃഷ്‌ണനാണ് 1997ൽ ഇടുക്കി ആസ്‌ഥാനമായി ‘എച്ച്ആർഡിഎസ്’ സ്‌ഥാപിച്ചത്‌. ഇദ്ദേഹമാണ് സംഘടനയുടെ സ്‌ഥിരം സെക്രട്ടറി. ഇപ്പോൾ സംഘടനാ ആസ്‌ഥാനം ഡെൽഹിയാണ്.

പിണറായി വിജയൻ, അഡ്വ. എസ് ശ്രീധരൻപിള്ള, പിസി ജോർജ് ഉൾപ്പടെയുള്ള സംസ്‌ഥാനത്തെ ഒട്ടുമിക്ക രാഷ്‌ട്രീയ നേതാക്കളും സഹകരിക്കുന്ന സാമൂഹിക സംഘടനയാണ് ‘എച്ച്ആർഡിഎസ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി. സാമൂഹിക പ്രവർത്തനത്തിന് ലിമിറ്റില്ലാതെ വിദേശ ഫണ്ട് സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുള്ള അപൂർവം സംഘടനകളിൽ ഒന്നുകൂടിയാണ് ‘എച്ച്ആർഡിഎസ്’.

PC George with the 'HRDS' Function

1970കളിൽ എറണാകുളം ജില്ലാ കലക്‌ടറായിരുന്ന, പിന്നീട് 1980ൽ ഐഎഎസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിലിറങ്ങി കേന്ദ്രമന്ത്രിവരെയായ എസ് കൃഷ്‌ണകുമാർ ആയിരുന്നു 2019 വരെ ഈ സംഘടനയുടെ അധ്യക്ഷൻ. 2003ൽ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന ഇദ്ദേഹം 2004ലെ പാർലമെന്റ് തിരഞ്ഞ‌ടുപ്പിൽ ബിജെപിക്ക് വേണ്ടി മൽസരിച്ചു തോറ്റു. വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും 2019ൽ ഇദ്ദേഹം വീണ്ടും ബിജെപിയിൽ ചേർന്നു.

S Krishnakumar
എസ് കൃഷ്‌ണകുമാർ

2020 ജൂ​​ലൈ അ​​ഞ്ചി​​ന്​ തിരുവനന്തപുരം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ 30 കി​​ലോ സ്വർണം കസ്‌റ്റംസ്‌​ പിടിച്ചതിനെ തു​​ട​​ർ​​ന്നാണ്​ സ്വപ്‌ന സുരേഷ് വാർത്തകളിൽ ആദ്യമായി ഇടംപിടിക്കുന്നത്. ഈ കേസിൽ തെളിവുകളുടെ അടിസ്‌ഥാനത്തിൽ ഇവരെ പോലീസ് പ്രതി ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍ ഐഎഎസും ഈ കേസിൽ പ്രതിയായി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് സ്വപ്‌ന പ്രതിയായത്. തുടർന്ന് ഒളിവിൽ പോയ സ്വപ്‌ന 2020 ജൂലൈ 11ന് ബെംഗളൂരുവിൽ നിന്ന് അറസ്‌റ്റിലായി. കാക്കനാട്, വിയ്യൂർ, അട്ടക്കുളങ്ങര വനിതാ ജയിലുകളിലായി ഒരു വർഷവും നാലുമാസവും തടവിൽ കഴിഞ്ഞു. പ്രതിചേർക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം നേടി 2021 നവംബറിൽ ഇവർ മോചിതയായി.

swapna suresh
സ്വപ്‌ന സുരേഷ്

കേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കര്‍ ഐഎഎസ് കഴിഞ്ഞമാസം പുറത്തിറക്കിയ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്‌തകത്തിൽ സ്വപ്‍ന സുരേഷ് തന്നെ ചതിച്ചതും തന്നോട് വിശ്വാസ വഞ്ചന കാണിച്ചതും അതുവഴി കേസിൽ കുടുക്കിയതുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. ഈ പുസ്‌തകം പുറത്തിറങ്ങിയതോടെ സ്വപ്‌ന സുരേഷ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു.

Most Read: ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE