കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ. വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റിരുന്നു. അതിന് പിന്നാലെ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കോർപ്പറേഷന് ഒരു പരാതി കൂടി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഉപ്പും വിനാഗിരിയും ചേർത്ത് വിൽക്കുന്ന പഴങ്ങളും പച്ചക്കറികളും വിൽക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയത്. കൂടാതെ ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വിലക്കിനെതിരെ പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് കച്ചവടക്കാർ.
കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് കോർപ്പറേഷൻ പരിധിയിലെ 53 കടകളിലാണ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് 12 കടകൾ താൽക്കാലികമായി അടപ്പിക്കുകയും, 8 കടകൾക്ക് നോട്ടിസ് നൽകുകയും ചെയ്‌തു. 17 കടകളിൽ നിന്നു മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച 35 ലീറ്റർ ഗ്ളേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: കൂടുതൽ നഗരങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ഒരുങ്ങി ചേതക് ഇലക്‌ട്രിക്







































