മലപ്പുറം: വണ്ടൂരിൽ ഡിജിറ്റൽ ത്രാസിലൂടെ കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്നിവരെയാണ് വണ്ടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ സംഘത്തിന് കഞ്ചാവുമായി നിരവധി ഇടപാടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന. ഇവരുടെ ഇടപാടുകളെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സംഘത്തിൽ നിന്ന് 225 ഗ്രാം കഞ്ചാവും, തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പോലീസ് പിടിച്ചെടുത്തിരുന്നു. നേരത്തെ ഇവർ പൊതികളിൽ ആക്കിയായിരുന്നു കഞ്ചാവ് വിൽപന നടത്തിയിരുന്നത്. അതിൽ നിന്ന് വ്യത്യസ്‌തമായി ഡിജിറ്റൽ ത്രാസ് കൊണ്ട് നടന്ന് ആവശ്യക്കാർക്ക് അപ്പപ്പോൾ തൂക്കി വിൽക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
വിദ്യാർഥികളുടെ കൈയിലുള്ള പണത്തിനനുസരിച്ചു കഞ്ചാവ് തൂക്കി നൽകാനാണ് ത്രാസ് കൂടെ കൊണ്ട് നടന്നിരുന്നതെന്നാണ് ഷിബിലും ഷബീറും പോലീസിന് നൽകിയിട്ടുള്ള മൊഴി. കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ഇരുവരുടെ രണ്ട് ബൈക്കുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Most Read: വാർഡിൽ ഇറങ്ങിയാൽ കാലുവെട്ടുമെന്ന് ഭീഷണി; ദീപുവിന്റെ മരണത്തിൽ എംഎൽഎയ്‌ക്ക് പങ്ക്








































