കോഴിക്കോട്: ഉപ്പിലിട്ട വിഭവങ്ങളുടെ വില്പന നിരോധിച്ച കോര്പ്പറേഷന് നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മേയര്‍ ചര്‍ച്ച നടത്തും. ഉപ്പിലിട്ട ഇനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകള്‍ക്കെല്ലാം നിരോധനം ഏല്‍പ്പെടുത്തിയതോടെ നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗം വഴിമുട്ടിയതായി വ്യാപാരികൾ പറയുന്നു.
പരിശോധനക്കായി ശേഖരിച്ച സാംപിളുകളിലൊന്നും അപകടകരമായ അളവില്‍ ആസിഡിന്റെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടും ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയത് എന്തിനാണെന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്.
എന്നാല്‍ താല്‍ക്കാലികമായെങ്കിലും കച്ചവടം നിരോധിച്ചെങ്കില്‍ മാത്രമേ നടപടികള്‍ ഫലപ്രദമാകൂ എന്നാണ് കോര്പ്പറേഷന് നിലപാട്. അടുത്ത ഘട്ടമെന്ന നിലയില്‍ മുഴുവന്‍ കച്ചവടക്കാര്‍ക്കും ബോധവൽക്കരണം നല്‍കും.
കോഴിക്കോട് വരക്കല്‍ ബീച്ചില്‍ തൃക്കരിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ തട്ടുകടയില്‍ നിന്ന് വെളളമെന്ന് കരുതി ആസിഡ് കുടിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് കോര്പറേഷൻ കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.
Most Read: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും







































