കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. നരവൂർ സ്വദേശി അനീഷ്(42) ആണ് മരിച്ചത്. കൊട്ടിയൂർ- കൂത്തുപറമ്പ് റോഡിലൂടെ ബെെക്കിൽ സഞ്ചരിക്കവേ പെട്രോൾ ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് അനീഷിന് ഗുരുതരമായി പൊള്ളലേറ്റത്. കഴിഞ്ഞ ഫെബ്രുവരി 17ആം തീയതി വൈകുന്നേരമാണ് സംഭവം നടന്നത്.
ബെെക്കിൽ നിന്നും അനീഷിന്റെ ദേഹത്തേക്ക് തീ പടർന്നതോടെ ഇയാൾ സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. അവിടെയുളള തൊഴിലാഴികൾ ഉടൻ ദേഹത്ത് വൊളളമൊഴിച്ച് തീ അണച്ചശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും അനീഷിനെ മാറ്റുകയായിരുന്നു.
അനീഷിന്റെ ശരീരത്തിൽ 60 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. അപകടത്തിന് പിന്നാലെ ഫോറൻസിക് സംഘവും കൂത്തുപറമ്പ് പോലിസും സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. ബൈക്ക് ഫോറൻസിക് സംഘം പരിശോധിക്കുകയും അവശിഷ്‌ടങ്ങൾ ശേഖരിക്കുകയും ചെയ്‌തു. പരിശോധന ഫലം വന്ന ശേഷം മാത്രമെ തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്‌തമാകൂ എന്നും പോലീസ് അറിയിച്ചു.
Read also: ദീപുവിന്റെ കൊലപാതകം ആസൂത്രിതം, പ്രതികൾ എംഎൽഎയുമായി ബന്ധപ്പെട്ടു; സാബു ജേക്കബ്








































