കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിൽ ഉള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആറ് സംഘങ്ങൾ നിലവിൽ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി.
നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധനിച്ചു വരികയാണ്. ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്ന് പറഞ്ഞ കമ്മീഷണർ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ അറസ്റ്റിൽ ആവുമെന്നും അറിയിച്ചു.
അതേസമയം, ഹരിദാസന്റെ പോസ്റ്റുമോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. 20ൽ അധികം വെട്ടുകൾ ഹരിദാസന്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട് വ്യക്തമാക്കുന്നത്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയുടെ താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം.
വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കയ്യിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിൽ നിന്ന് ഹരിദാസന്റെ മൃതദേഹം ഏറ്റുവാങ്ങാൻ സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ എന്നിവർ പരിയാരത്ത് എത്തിയിട്ടുണ്ട്.
Most Read: നീതി വൈകുന്നു, സർക്കാർ മറുപടി പറയണം; പ്രതികരിച്ച് ആഷിഖ് അബു







































