എറണാകുളം: തൃക്കാക്കരയിൽ ക്രൂര മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയെ കാണാൻ പിതാവ് എത്തി. കുട്ടി ചികിൽസയിലിരിക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പിതാവ് എത്തിയത്. കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടു.
കുട്ടിയുടെ മാതാവും ഒപ്പം താമസിക്കുന്ന ആന്റണിയുമാണ് കുട്ടിയെ മർദ്ദിച്ചതിന് പിന്നിലെന്നും പിതാവ് ആരോപിക്കുന്നു. കുട്ടിയുടെ മാതാപിതാക്കളായ തങ്ങളിരുവരും അകൽച്ചയിലാണ്. ഏഴ് മാസം മുമ്പാണ് തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നിന്നും ഭാര്യയും മകളും എറണാകുളത്തേക്ക് പോയത്. പിന്നീട് തിരിച്ചു വന്നില്ല. ഭാര്യക്കൊപ്പമാണ് നിലവിൽ ഒളിവിലുള്ള ആന്റണി ടിജിൻ താമസിക്കുന്നത്. ആന്റണി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പിതാവ് പറയുന്നു.
അന്റണിയെ പറ്റി വളരെ മോശമായ വിവരങ്ങളാണ് അയാളുടെ വീട്ടുകാരില്‍ നിന്നു വരെ അറിയാന്‍ കഴിഞ്ഞത്. എത്രയും വേഗം ഭാര്യയെയും മകളെയും ഇവിടെ നിന്ന് കൂട്ടിക്കാെണ്ടി പോവുന്നതാണ് നല്ലതെന്ന് ആന്റണിയുടെ ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മുമ്പില്‍ നിന്നടക്കം സ്ഥിരമായി ആന്റണി കഞ്ചാവ് ഉപയോഗിക്കുന്നെന്ന് ബന്ധുക്കൾ തന്നോട് പറഞ്ഞെന്നും പിതാവ് പറയുന്നു. തന്റെ മകൾ ഹൈപ്പർ ആക്ടീവല്ല. അങ്ങനെ സംഭവിച്ച അപകടമല്ല ഇത്. മകളുടെ വീഡിയോകൾ ഡോക്ടർമാരെ കാണിച്ചിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.
വെന്റിലേറ്ററിൽ രണ്ടാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 48 മണിക്കൂർ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ല. ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. തലച്ചോറിലെ നീർക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകൾ നൽകിയുള്ള ചികിൽസ തുടരുന്നുണ്ട്.
Most Read: പൊൻമുടി കെഎസ്ഇബി ഭൂമി വിവാദം; റവന്യൂ വകുപ്പിന് എതിരെ സിപിഎം







































