കീവ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. മോദിയുമായി സംസാരിച്ചെന്നും യുക്രൈന് രാഷ്‌ട്രീയപരമായി പിന്തുണ നല്‍കണമെന്ന് മോദിയോടും ആവശ്യപ്പെട്ടെന്നും സെലെൻസ്‌കി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു സെലെൻസ്‌കിയുടെ പ്രതികരണം.
“ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. റഷ്യയുടെ ആക്രമണങ്ങളെ യുക്രൈൻ പ്രതിരോധിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. അതിക്രമിച്ച് കയറിയ ഒരു ലക്ഷത്തിലധികം പേരാണ് ഞങ്ങളുടെ മണ്ണിലുള്ളത്. ഇവിടുത്തെ കെട്ടിടങ്ങള്‍ക്ക് മേല്‍ അവര്‍ പതുങ്ങിയിരുന്ന് സ്‌ഫോടനങ്ങള്‍ നടത്തുകയാണ്. ഐക്യരാഷ്‌ട്ര സഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ രാഷ്‌ട്രീയപരമായി ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിനിവേശ ശക്‌തികളെ, അക്രമകാരികളെ ഒരുമിച്ച് ചെറുക്കാം,”- സെലെൻസ്‌കി ട്വീറ്റ് ചെയ്‌തു.
അതിനിടെ യുക്രൈനിൽ നിന്ന് അടിയന്തര സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ പരാജയപ്പെടുത്തി. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 11 രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം യുഎന്‍ പൊതുസഭയില്‍ കൊണ്ടുവരുമെന്ന് അമേരിക്ക വ്യക്‌തമാക്കി.
അമേരിക്കയുടെ നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ നിന്ന് പിന്‍മാറണമെന്നും സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ പ്രതീക്ഷിച്ചതുപോലെ തന്നെ റഷ്യ വീറ്റോ ചെയ്‌തു.
2014 ക്രൈമിയ അധിനിവേശകാലത്തെ നിലപാടില്‍ത്തന്നെ നിലകൊണ്ട ഇന്ത്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അമേരിക്കന്‍ സഖ്യത്തിലുള്ള യുഎഇയുടെ വിട്ടുനില്‍ക്കല്‍ ശ്രദ്ധേയമായി. അമേരിക്കന്‍, റഷ്യന്‍ പ്രതിനിധികള്‍ തമ്മിലുള്ള വാക് പോരിനും രക്ഷാസമിതിയോഗം വേദിയായി.
അധിനിവേശത്തിന്റെ കാര്യത്തില്‍ അമേരിക്കയെ കടത്തിവെട്ടാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് റഷ്യ പരിഹസിച്ചു. യുക്രൈനിലെ സാധാരണ പൗരൻമാരെ ആക്രമിച്ചു എന്ന വാര്‍ത്ത പൂര്‍ണമായി നിഷേധിച്ച റഷ്യ എല്ലാം പാശ്‌ചാത്യ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. മോക്ഷ പ്രാപ്‌തിക്കായി പ്രാര്‍ഥിച്ചുകൊള്ളാന്‍ യുക്രൈൻ പ്രതിനിധി റഷ്യന്‍ അംബാസഡറോട് പറഞ്ഞു. ക്രൈമിയ അധിനിവേശത്തിന് എതിരായ പ്രമേയത്തെ യുഎന്‍ പൊതുസഭയില്‍ 193 അംഗങ്ങളിൽ 100 പേരാണ് പിന്തുണച്ചത്.
Most Read: ജാതിക്കും മതത്തിനും വോട്ട് ചെയ്‌തതു കൊണ്ടാണ് യുപിയിൽ വികസനം വരാത്തത്; പ്രിയങ്ക








































