കീവ്: റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാണ് യുക്രൈന് നൽകുക. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ ഗൺ, ആർട്ടില്ലറി എന്നിവയും നൽകും.
യൂറോപ്യൻ യൂണിയൻ നൽകുന്ന വിമാനങ്ങളിൽ 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും ബൾഗേരിയയാണ് നൽകുക. കൂടാതെ 28 മിഗ്-29 വിമാനങ്ങൾ പോളണ്ടും, 12 മിഗ്-29 വിമാനങ്ങൾ സ്ളോവാക്യയും നൽകും. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നൽകാമെന്ന് സെക്യൂരിറ്റി ചീഫ് ജോസഫ് ബോറൽ അറിയിച്ചിരുന്നു.
റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ യുക്രൈന് ആദ്യം ആയുധങ്ങളും, ഇന്ധനവും, മരുന്നുകളും എത്തിച്ചു നൽകിയത് പോളണ്ട്, എസ്റ്റോണിയ, ലാത്വിയ എന്നീ രാജ്യങ്ങളായിരുന്നു. തുടർന്ന് ഫിൻലാൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും യുക്രൈന് സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.
Read also: തിരുവല്ലം കസ്റ്റഡി മരണം; പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകി







































