ന്യൂഡെൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വിദ്യാർഥിയുടെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി വേർപാടിൽ ദുഃഖം അറിയിച്ചു. കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർഥി നവീൻ എസ് ജ്‌ഞാനഗൗഡറാണ് ഇന്ന് ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ടുസമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം നടന്നത്. യുക്രൈനിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിർത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു.
മകന്റെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മരണവാർത്ത സ്‌ഥിരീകരിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ദുഖവാർത്തയെത്തുന്നത്. കൊല്ലപ്പെട്ടത് നവീൻ തന്നെയാണെന്ന് സുഹൃത്തുക്കളും ഏജന്റും തിരിച്ചറിഞ്ഞു. സാഹചര്യം അനുകൂലമാകുന്നത് അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
Read Also: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; യുപി സർക്കാരിന്റെ വിശദീകരണം തേടി കോടതി







































