ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷൻസ് കോടതി തള്ളി. രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് തടിയമ്പാട് ഇടയാല്‍ ജെറിന്‍ ജോജോ (22), ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ചേലച്ചുവട് തേക്കിലക്കാട്ട് ടോണി അബ്രാഹം (23), കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി കൊന്നത്തടി മങ്കുവ നാന്നിക്കുന്നേല്‍ നിതിന്‍ ലൂക്കോസ് (25), കെഎസ്‌യു ജില്ലാ സെക്രട്ടറി കട്ടപ്പന വെള്ളയാംകുടി ഉപ്പുമാക്കല്‍ ജിതിന്‍ തോമസ് (ഉപ്പന്‍-24), യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ചേലച്ചുവട് പുത്തന്‍പുരക്കല്‍ സോയിമോന്‍ സണ്ണി(28) എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്‌ജി എസ് ശശികുമാര്‍ തള്ളിയത്.
ഒന്നാം പ്രതി നിഖിൽ പൈലി ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. വെള്ളിയാഴ്‌ച ജാമ്യാപേക്ഷയില്‍ വാദംകേട്ട കോടതി വിധി പറയാന്‍ അടുത്തദിവസത്തേക്ക് മാറ്റുകയായിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ ഏഴും എട്ടും പ്രതികളായ ജസ്‌റ്റിന്‍ ജോയി, അലന്‍ ബേബി എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ ബി സുനില്‍ദത്ത് ഹാജരായി.
അതേസമയം, ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വീണ്ടും രംഗത്തെത്തി. ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്‌ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖിൽ പൈലി.
മുൻപും നിഖിൽ പൈലിയെയും മറ്റ് പ്രതികളെയും ന്യായീകരിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്നും സുധാകരൻ വ്യക്‌തമാക്കിയിരുന്നു.
ജനുവരി പത്തിനാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു.
Most Read: ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ ലൈംഗിക ആരോപണം; സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്