കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിലെ പല ഭാഗങ്ങളിലും കുടുങ്ങി കിടക്കുന്ന ആളുകൾക്ക് സഹായമെത്തിക്കുന്നതിനായി സുരക്ഷിത പാത ഒരുക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സഭ. വെള്ളം, ഭക്ഷണം, മരുന്നുകള്‍ തുടങ്ങി ജീവന്‍ നിലനിര്‍ത്താൻ ആവശ്യമായ എല്ലാ അടിസ്‌ഥാന കാര്യങ്ങളും നല്‍കേണ്ടതുണ്ട്. ഇത് നിഷേധിക്കുന്നത് മനുഷ്യത്വമില്ലായ്‌മ ആണെന്നും ഐക്യരാഷ്‌ട്ര സഭ പറഞ്ഞു.
മരിയുപോള്‍, ഖാര്‍കിവ്, മെലിറ്റോപോള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കാന്‍ ഇടനാഴി ഒരുക്കണമെന്നാണ് യുഎന്നിന്റെ നിലവിലെ ആവശ്യം. അതേസമയം യുക്രൈനിൽ കുടുങ്ങി കിടക്കുന്ന സാധാരണക്കാരെ സുരക്ഷിത മാര്‍ഗത്തിലൂടെ റഷ്യയിലും, ബലാറസിലും എത്തിക്കാമെന്ന റഷ്യയുടെ വാഗ്‌ദാനം യുക്രൈന്‍ തള്ളി. ഈ വാഗ്‌ദാനത്തെ മാനുഷിക ഇടനാഴിയെന്ന് പറയാന്‍ കഴിയില്ലെന്നും ഈ നീക്കം റഷ്യയുടെ പ്രചാരണത്തിന്റെ ഭാഗമാണെന്നും യുക്രൈൻ ആരോപണം ഉന്നയിച്ചു.
യുക്രൈനില്‍ നിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും ആളുകളെ കൊണ്ടുപോകാമെന്ന വാഗ്‌ദാനം ദുരുദ്ദേശപരമാണെന്നാണ് യുക്രൈന്‍ അറിയിച്ചത്. കൂടാതെ ലോകരാജ്യങ്ങളെ മുഴുവൻ കബളിപ്പിക്കാമെന്നാണ് റഷ്യ വിചാരിക്കുന്നതെന്നും യുക്രൈൻ കൂട്ടിച്ചേർത്തു. ഒപ്പം തന്നെ റഷ്യ-യുക്രൈൻ മൂന്നാംവട്ട ചർച്ചയിലും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: വർക്കലയിൽ വീടിന് തീപിടിച്ചു; കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു







































