കീവ്: കീവിന്റെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഇർപിനിൽ ഞായറാഴ്‌ച ഒരു യുഎസ് പത്രപ്രവർത്തകൻ വെടിയേറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി എഎഫ്‌പി റിപ്പോർട് ചെയ്‌തു. യുക്രേനിയൻ ടെറിട്ടറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ചാണ് എഎഫ്‌പി ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
ഇർപിനിലെ എഎഫ്‌പി റിപ്പോർട്ടർമാർ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റഷ്യൻ സൈന്യത്തെ യുക്രേനിയൻ ഉദ്യോഗസ്‌ഥർ കുറ്റപ്പെടുത്തിയെങ്കിലും കൃത്യമായ സാഹചര്യം വ്യക്‌തമല്ല.
50 വയസുള്ള ന്യൂയോർക്കിലെ വീഡിയോ ഡോക്യുമെന്ററി ഷൂട്ടർ ബ്രെന്റ് റെനോഡാണ് കൊല്ലപ്പെട്ടതെന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽ നിന്ന് തിരിച്ചറിഞ്ഞു. ന്യൂയോർക്ക് ടൈംസിന്റെ ഒരു ഐഡന്റിറ്റി കാർഡും ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകനാണ് എന്ന് തിരിച്ചറിഞ്ഞത്. എന്നാൽ മരണസമയത്ത് അദ്ദേഹം അതിനായി പ്രവർത്തിച്ചിരുന്നില്ലെന്ന് യുഎസ് ദിനപത്രം പറഞ്ഞു.
Most Read: നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര-സംസ്‌ഥാന സർക്കാറുകൾ ഇടപെടണമെന്ന് മാതാവ്








































