ബെർലിൻ: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത് ജർമ്മനി. യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് 24ന് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗ്രൂപ്പ് ഓഫ് സെവൻ (G7) രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ക്ഷണിച്ചു.
“നിലവിലെ വിഷയങ്ങളിൽ, പ്രത്യേകിച്ച് യുക്രൈനിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ കൈമാറാൻ ഈ കൂടിക്കാഴ്‌ച സഹായിക്കും,” സർക്കാർ വക്‌താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, റഷ്യയുടെ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തിൽ റഷ്യക്കെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് സൂചിപ്പിച്ചു. ഒരു നിലപാട് സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും സാമ്പത്തികം അല്ലെങ്കിൽ ഊർജ ആശ്രിതത്വം കാരണം നിശബ്‌ദത പാലിക്കരുതെന്നും അവർ സുരക്ഷാ നയ പ്രസംഗത്തിൽ പറഞ്ഞു.
അതിനിടെ റഷ്യൻ മിസൈലുകൾ നഗരത്തിലെ ഒരു എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിൽ ആക്രമണം നടത്തിയതായി ലിവിവ് മേയർ ആൻഡ്രി സഡോവി അറിയിച്ചു. വെള്ളിയാഴ്‌ചയാണ് ആക്രമണം നടന്നത്. കീവ് ഇൻഡിപെൻഡന്റ് എന്ന മാദ്ധ്യമമാണ് വാർത്ത റിപ്പോർട് ചെയ്‌തത്.
യുക്രൈനിലെ ലിവിവ് വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം റഷ്യൻ സൈന്യം ആക്രമിച്ചതായി മേയർ ആൻഡ്രി സഡോവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട് ചെയ്‌തു. പ്രദേശത്ത് കറുത്ത പുക ഉയരുന്നുണ്ടെന്നും പോലീസും ആംബുലൻസും സംഭവ സ്‌ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: സാമ്പത്തിക ഉണർവ് പ്രകടം; രാജ്യത്തെ നികുതി പിരിവിൽ കുതിപ്പ്







































