കീവ്: റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്നതിനിടെ ഇതുവരെ 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കി യുക്രൈൻ. ട്വിറ്ററിലൂടെ യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായും യുക്രൈൻ കൂട്ടിച്ചേർത്തു.
അതേസമയം യുക്രൈനിലെ മരിയുപോളിൽ 400 അഭയാർഥികൾ താമസിച്ചിരുന്ന സ്‌കൂളിൽ റഷ്യൻ സൈന്യം ഇന്ന് ആക്രമണം നടത്തി. എന്നാൽ ആക്രമണത്തിൽ ഇതുവരെ എത്രപേർ കൊല്ലപ്പെട്ടെന്ന വിവരം പുറത്തു വിട്ടിട്ടില്ല. തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യ നടത്തിയ ആക്രമണം വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഓര്‍മിക്കപ്പെടുന്ന തരത്തിലുള്ള ഭീകരതയാണെന്ന് യുക്രൈനിയന്‍ പ്രസിഡന്റ് വ്ളാഡിമിർ സെലിൻസ്‌കി വ്യക്‌തമാക്കി.
നിലവിൽ യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം നാലാമത്തെ ആഴ്‌ചയും തുടരുകയാണ്. ഇതിനോടകം തന്നെ ഒരു കോടിയിലധികം ആളുകൾ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും പലായനം ചെയ്‌തതായാണ് ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കുന്നത്.
Read also: കസ്‌റ്റഡി മരണത്തെ തുടർന്ന് ആക്രമണം; ബിഹാറിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു







































