കോഴിക്കോട്: വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനം. നാടെങ്ങും സമരാനുകൂലികളുടെ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് അശോകപുരത്ത് പണിമുടക്ക് അനുകൂലികൾ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത് കുടുംബത്തെ ഇറക്കിവിട്ടു. ഓട്ടോറിക്ഷ തൊഴിലാളിയായ ഗോവിന്ദാപുരം സ്വദേശി ലിബിജിത്തിനെയും കുടുംബത്തെയുമാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്.
കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും ലിബിജിത്ത് പറഞ്ഞു. കോഴിക്കോട് അശോകപുരത്ത് നിന്നും കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പോവുകയായിരുന്ന കുടംബത്തെയാണ് ആക്രമിച്ചത്. ക്ഷേത്രത്തിലെക്കാണെന്ന് അറിയിച്ചിട്ടും സമരക്കാർ വിടാൻ തയ്യാറായില്ല. തുടർന്ന് ഇവർ ചെരുപ്പ് ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ ചില്ല് തകർക്കുകയും ടയറിലെ കാറ്റ് അഴിച്ചു വിടുകയും ആയിരുന്നു. സംഭവത്തിൽ കസബ പോലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരി പെട്രോൾ പമ്പിലും സമരാനുകൂലികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇന്ന് രാവിലെ കാസർഗോഡ് ദേശീയ പാതയിലും വാഹനം തടയലും സംഘർഷവും ഉണ്ടായി. യാത്രക്കാരുമായി സമരാനുകൂലികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ചില വാഹനങ്ങളുടെ താക്കോൽ ഊരാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. കാസർഗോഡും കാഞ്ഞങ്ങാടും സമരാനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി.
ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ പാലക്കാട് കഞ്ചിക്കോടും മലപ്പുറത്തും കൊച്ചിയിലും സമരാനുകൂലികൾ ജോലിക്ക് എത്തുന്നവരെ തടയുന്നുണ്ട്. പലയിടത്തും തുറന്ന സ്ഥാപനങ്ങൾ അടപ്പിച്ചു. നിരവധി പേരുടെ വാഹനങ്ങൾ തടഞ്ഞു തിരിച്ചു വിടുകയും ചെയ്യുന്നുണ്ട്. പലയിടത്തും വാക്കുതർക്കവും പ്രതിഷേധവും ഉണ്ടായി. സംസ്ഥാനത്ത് കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ മെട്രോയും സർവീസ് നടത്തുന്നുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി








































