കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ് ക്‌ളബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി.
രാവിലെ 10 മണിക്ക് ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകാൻ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നതിനാൽ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌ത് വിട്ടയക്കുക എന്നതാകും നടപടി.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുള്ള ദിലീപിന്റെ അടുപ്പം എന്നിവ സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയാനുള്ളത്.
Most Read: ചണ്ഡീഗഡ് ഉദ്യോഗസ്‌ഥരെ ഇനി കേന്ദ്രം ഭരിക്കും; ബിജെപിക്ക് എഎപിയെ ഭയമെന്ന് സിസോദിയ