തിയേറ്ററുകൾ ആഘോഷമാക്കിയ അമൽ നീരദ്– മമ്മൂട്ടി കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്‌മ പർവ്വം’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ ഒന്നിന് ചിത്രം ഹോട്സ്‌റ്റാറിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും. ഒടിടി റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും ഹോട്സ്‌റ്റാർ പങ്കുവെച്ചിട്ടുണ്ട്.
ഗ്യാങ്സ്‌റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിഗ് ബി’ക്ക് സമാനമായ ത്രില്ലടിപ്പിക്കുന്ന വിരുന്ന് തന്നെയാണ് ‘ഭീഷ്‌മ പർവ്വ’വും പ്രേക്ഷകർക്കായി ഒരുക്കിയത്.
അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാം ആണ്. എഡിറ്റിംഗ്- വിവേക് ഹർഷൻ.
വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി