മലപ്പുറം: ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ചാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
തിരൂർ ഡിവൈഎസ്‌പി വിവി ബെന്നി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും സാമൂഹിക പ്രവർത്തകരുടെയും യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ എടുത്തത്. പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡേഴ്‌സിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഷെൽട്ടർ ഹോമുകൾ നിർമിക്കും. കൂടാതെ, തൊഴിൽ പരിശീലനത്തിനും വിപണനത്തിനും ആവശ്യമായ കേന്ദ്രങ്ങൾ സ്‌ഥാപിക്കും.
ജില്ലാ ആശുപത്രികളിൽ പ്രത്യേക ക്ളിനിക്കുകളും ആരംഭിക്കും. ഇതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 146 ട്രാൻസ്ജെൻഡേഴ്‌സിന് പ്രയോജനം ലഭിക്കുമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ, പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ അംഗങ്ങൾ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, പോലീസ് വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.
Most Read: പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യം വിൽക്കില്ല; തീരുമാനവുമായി സംസ്‌ഥാന സർക്കാർ






































