കാറഡുക്ക: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്. കാറഡുക്ക ചായിത്തലത്തെ വി രാധക്കാണ് (നളിനി-60) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം. വീടിന് മുന്നിലെ കമുകിൻ തോട്ടത്തിൽ നിന്നു പശുവിന് പുല്ല് അരിയുന്നതിനിടെ പിറകിലൂടെ എത്തിയ കൂറ്റൻ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇടതു കയ്യിലും വലതുകാലിനും പരുക്കേറ്റ രാധയെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയയാക്കി
കാറഡുക്ക ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ തൊട്ടടുത്ത് കാട് വളർന്നു കിടക്കുന്ന 5 ഏക്കറോളം വരുന്ന സ്വകാര്യ പറമ്പുണ്ട്. ഇവിടെ നിന്നാണ് കാട്ടുപന്നി എത്തിയത്. സമീപത്തെ തോട്ടങ്ങളിൽ പണിയെടുക്കുകയായിരുന്ന പലരും ഭാഗ്യം കൊണ്ടാണ് ഇതിന്റെ മുൻപിൽ നിന്നു രക്ഷപ്പെട്ടത്. പന്നിയെ കൊല്ലാൻ വനംവകുപ്പ് ആർആർടി (റാപിഡ് റെസ്‌പോൺസ് ടീം) തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Most Read: സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം




































