പാലക്കാട്: ചൂലന്നൂർ കോട്ടായിയിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിയത് പ്രണയപ്പക കാരണമെന്ന് ബന്ധു. പ്രതി മുകേഷും മാതൃസഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. സഹോദരങ്ങൾ ആയതിനാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു.
മണികണ്‌ഠൻ , സുശീല, ഇന്ദ്രജിത്, രേഷ്‌മ എന്നിവർക്കാണ് വെട്ടേറ്റത്. പുലർച്ചെ നിലവിളി കേട്ട് ഉണർന്ന അയൽവാസി ഓടിയെത്തിയപ്പോൾ ആദ്യം കണ്ടത് വെട്ടേറ്റ് കിടക്കുന്ന രേഷ്‌മയെയാണ്. അച്ഛൻ മണികണ്‌ഠനെ പരിക്കുകളോടെ കണ്ടെത്തി. കൂടുതൽ ആളുകൾ എത്തിയപ്പോഴേക്കും പ്രതി മുകേഷ് രക്ഷപെട്ടിരുന്നു. പെട്രോളും പടക്കവുമായാണ് ഇയാൾ എത്തിയതെന്നും അയൽവാസികൾ പറയുന്നു.
മണികണ്‌ഠൻ , സുശീല, ഇന്ദ്രജിത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഒളിവിൽ പോയ മുകേഷിനെ കണ്ടെത്താനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Most Read: കെ സ്വിഫ്‌റ്റ്; അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു








































