പാലക്കാട്: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നാളെ വൈകിട്ട് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക.
24 മണിക്കൂറിനുള്ളിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കൂടുതൽ പോലീസ് വിന്യാസം നടത്തിയും ക്രമസമാധാന നില പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവകക്ഷി യോഗം വിളിച്ചു സംഘർഷത്തിന് അയവ് വരുത്താനുള്ള സർക്കാർ നീക്കം. പോപ്പുലർ ഫ്രണ്ട് സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്നാൽ, ബിജെപി തീരുമാനം എടുത്തിരുന്നില്ല. ആക്രമികളോട് എന്ത് ചർച്ച ചെയ്യാനാണെന്നായിരുന്നു യോഗത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. പോലീസിന്റെ കൈയിൽ വിലങ്ങിട്ട സ്ഥിതി വിശേഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ബിജെപി യോഗത്തിൽ പങ്കെടുക്കുമോ എന്ന് സംശയം ഉയർന്നിരുന്നു.
അതേസമയം, ഇരട്ടക്കൊലപാതകം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിൽ ഉള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണോ എന്ന് ഉറപ്പാക്കാൻ കഴിയാത്തതാണ് അറസ്റ്റ് വൈകാൻ കാരണം. കൊലപാതകത്തിന് പിറകിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും കൊന്നവരെയും സൂത്രധാരൻമാരെയും പിടികൂടുമെന്നും അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള വിജയ് സാഖറെ വ്യക്തമാക്കി.
Most Read: ഇടുക്കിയിൽ ശക്തമായ കാറ്റിൽ മരം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു







































