എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും ക്രൈം ബ്രാഞ്ച് ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. മുൻപും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ദിലീപിനെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.
അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഡിജിപി ബി സന്ധ്യ, ഐജി എവി ജോര്‍ജ്, എസ്‌പിമാരായ എസ് സുദര്‍ശന്‍, എംജെ സോജന്‍, ഡിവൈഎസ്‌പി ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
Read also: ‘ഇനി അഭിനയിക്കില്ല, മാപ്പ്’; പാൻ മസാല പരസ്യത്തിനെതിരെ അക്ഷയ് കുമാർ







































