തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ഉത്തരേന്ത്യന്‍ സംഘം തന്നെയെന്ന് സൈബര്‍ ക്രൈം പോലീസ്. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ഐജി പി വിജയന്, ഡിജിപി ഋഷിരാജ് സിംഗ് ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയിരുന്നു.
ഡിജിപി ഋഷിരാജ് സിംഗിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ 5 സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ഇവയെല്ലാം ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മേല്‍വിലാസത്തില്‍ ഉള്ളതാണ്. കൂടാതെ ഐജി വിജയന്റെ പേരില്‍ രാജസ്ഥാന്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മേൽവിലാസത്തിലുള്ള രണ്ട് സിം കാര്‍ഡുകളും തട്ടിപ്പുകാര്‍ ഉപയോഗിച്ചിരുന്നു.
കേരളത്തിലേതിന് സമാനമായ രീതിയില്‍ തെലങ്കാന ഡിഐജിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ 4 പേര് തെലങ്കാനയില്‍ അറസ്റ്റിലായിരുന്നു. ഇതിനെ തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസ് തെലങ്കാന പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പിന് പിന്നില്‍ ഏകദേശം അഞ്ഞൂറ് പേരോളം ഉണ്ടെന്നാണ് തെലങ്കാന പോലീസ് അറിയിച്ചത്.
Read also : ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടി വരും; സല്മാന് ഖാന്