കോഴിക്കോട്: ചെറുവണ്ണൂരിൽ മരിച്ച ജിഷ്‌ണുവിന്റെ വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ ജിഷ്‌ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു. വലത് വാരിയെല്ലിൽ അഞ്ചെണ്ണം പൊട്ടി ശ്വാസകോശത്തിൽ കയറിയ നിലയിലായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.
പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലിൽ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ, പോലീസ് മർദ്ദിച്ചതാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. പരിക്ക് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്‌തത വരുത്തേണ്ടതുണ്ട്. ഇന്നലെ ഫോറൻസിക് വിദഗ്‌ധർ സംഭവസ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചും സ്‌ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട് പൂർണമായും ലഭിച്ച ശേഷമായിരിക്കും വിശദമായ അന്വേഷണം നടക്കുക. അതേസമയം, നല്ലളം സ്‌റ്റേഷനിൽ നിന്നെത്തിയ പോലീസുകാരുടെ മർദ്ദനമാണ് മരണകാരണമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ജിഷ്‌ണുവിന്റെ കുടുംബം. കൽപറ്റ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്‌ച രാത്രി പോലീസ് ജിഷ്‌ണുവിനെ തേടി വീട്ടിൽ എത്തിയത്.
എന്നാൽ, ഓവര്‍സ്‌പീഡില്‍ പോയിട്ട് പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന കേസിൽ 500 രൂപ ഫൈൻ അടക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് മഫ്‌തിയിൽ എത്തിയ പോലീസ് സംഘം ജിഷ്‌ണുവിനെ കൊണ്ട് പോയതെന്ന് വീട്ടുകാർ പറയുന്നു. ഇതിന് ശേഷമാണ് ജിഷ്‌ണുവിനെ വീട്ടിലേക്കുള്ള വഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read: ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം







































