മലപ്പുറം: നാലാം തവണയും ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഈദാഘോഷം അർഥവത്താക്കാൻ പെരുന്നാൾ നിസ്‌കാരവും വിഭവ സമൃദ്ധമായ സദ്യയുമൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി മാതൃക തീർത്തു. രാവിലെ 9ന് സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്ക് കൊള്ളാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നുള്ള ചക്രക്കസേരയുടെ സഹായം ആവശ്യമുള്ളവരും അല്ലാത്തവരുമായ ഭിന്നശേഷിക്കാര്‍ മഅ്ദിന്‍ സ്വലാത്ത് നഗറിലെത്തി.
കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വീടുകളില്‍ കഴിയുകയായിരുന്ന ഇവര്‍ വളരെ സന്തോഷത്തോടെയാണ് മഅ്ദിന്‍ സ്വലാത്ത് നഗറിലെ ഗ്രാന്റ് മസ്‌ജിദിലേക്ക് എത്തിയത്. വിവിധ ഭിന്നശേഷി കാരണം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും നിമിഷങ്ങളായിരുന്നു മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദ് ഒരുക്കിയത്.
സയ്യിദ് ഹാമിദ് ഇസ്‌മാഈൽ ബുഖാരി കടലുണ്ടിയാണ് ഭിന്നശേഷി പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം നല്‍കിയത്. ഭിന്നശേഷിക്കാർക്ക് കരുത്തും പ്രതീക്ഷയും നൽകാനാവശ്യമായ ഈദ് സന്ദേശം നൽകിയത് അബ്‌ദുന്നാസിർ പടിഞ്ഞാറ്റുംമുറിയാണ്. ഇദ്ദേഹം ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള അധ്യാപകനും എസ്‌വൈഎസ്‍ മലപ്പുറം സോൺ സെക്രട്ടറിയും കൂടിയാണ്.
‘നാല് ചുവരുകൾക്കുള്ളിൽ കഴിയേണ്ടവരല്ല നമ്മൾ. നമുക്കെല്ലാവർക്കും സ്വന്തമായി കഴിവുകളും ശേഷികളുമുണ്ട്. അത് കൊണ്ടാണ് നാം ഭിന്ന ശേഷിക്കാർ എന്നറിയപ്പെടുന്നത്. നമുക്ക് ശാരീരിക വിഷമതകൾ ഉണ്ട്. എന്നാൽ മാനസികമായി നാം സാധാരണക്കാരേക്കാൾ കരുത്തരാണ്. അത് നാം തിരിച്ചറിയണം. ഈ കരുത്തിൽ നാം മുന്നേറുകയും വേണം’.
യുഎഇ ഭരണാധികാരി നമ്മെ വിശേഷിപ്പിച്ചത് ‘നിശ്‌ചയ ദാർഢ്യമുള്ള ആളുകൾ’ എന്നാണ്. മഅ്ദിന്‍ നേതൃത്വം നൽകുന്ന ‘ഏബ്ൾ വേൾഡ്’ നമുക്ക് മാത്രമായി കുടിൽ വ്യവസായം പോലുള്ള കുറെയേറെ പദ്ധതികളും മറ്റും നടത്തിവരുന്നുണ്ട്. ഇത്തരം സംരംഭങ്ങളിൽ സാധ്യമായ രീതിയിൽ നാം പങ്കാളികളാകണം. സ്വയം പര്യാപ്‌തത കൈവരിക്കണം’ -അബ്‌ദുന്നാസിർ പടിഞ്ഞാറ്റുംമുറി തന്റെ ഭിന്ന ശേഷി സഹോദരങ്ങളോട് ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.
പെരുന്നാള്‍ നിസ്‌കാരശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും പായസവും നല്‍കിയും എല്ലാവര്‍ക്കും പെരുന്നാള്‍ കോടിയും സമ്മാനിച്ചാണ് ഭിന്ന ശേഷിക്കാരെ മഅ്ദിന്‍ അധികൃതർ യാത്രയാക്കിയത്. എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ സ്‌നേഹത്തണല്‍ പരിപാടിയും ഇതോടൊപ്പം നടന്നു.
ഭിന്നശേഷി സുഹൃത്തുക്കള്‍ക്ക് സഹായം ചെയ്യുന്നതിനും പരിചരണങ്ങള്‍ നല്‍കുന്നതിനും ജുനൈദ് സഖാഫി മേല്‍മുറി, മുനീര്‍ പൊൻമള, ഇംതിയാസ് മആലി മേല്‍മുറി, സലീം ആലത്തൂര്‍പടി, ശംസുദ്ധീന്‍ സികെ എന്നിവരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു.
Most Read: റോഡരികില്‍ പ്രസവിച്ച യുവതിക്ക് കരുതലായവരെ അഭിനന്ദിച്ച് മന്ത്രി