കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്‌തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ എസ്‌എച്ച് പഞ്ചാപകേശന്‍.
കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് സഹായകമാകും വിധം കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിആർസിയും മലപ്പുറം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഅ്‌ദിൻ ഏബ്‌ൾ വേൾഡും സംയുക്‌തമായി നടപ്പാക്കുന്ന ‘കോവി കെയർ-കേരള’ പദ്ധതിയുടെ ഉൽഘാടനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഭിന്നശേഷി സംവരണം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും കാലങ്ങളായി പരമോന്നത സുപ്രീം കോടതി, വിവിധ വിധികളിലൂടെ അത് ശെരി വെച്ചിട്ടുണ്ടെന്നും എസ്എച്ച് പഞ്ചാപകേശന്‍ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ ഓൺലൈനായി നടന്ന ചടങ്ങിൽ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്‌ധരും വിവിധ സ്‌ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു.
ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേർസൺസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റിയുടെ ഡയറ്കടർ നചിക്കേത റാവുത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിആർസി കേരള ഡയറക്‌ടർ ഡോ. റോഷൻ ബിജ്‌ലി കെഎൻ പദ്ധതിയുടെ വിശദീകരണം നടത്തി.

വാക്‌സിനേഷൻ ഹെൽപ്‌ഡെസ്‌ക്, 24*7 പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ് ലൈൻ, കുട്ടികൾക്കായി ഓൺലൈൻ തെറാപ്പി സേവനങ്ങളും പുനരധിവാസവും, അത്യാവശ്യ സന്ദർഭങ്ങളിൽ മരുന്ന്, ആംബുലൻസ് സേവനം എന്നിവയുമായി ‘കോവി കെയർ കേരള’ സജ്‌ജമാണെന്നും ഡോ. റോഷൻ ബിജ്‌ലി അറിയിച്ചു.
കെവിഎസ് റാവു (ഡയറ്കടർ, ഡിപ്പാർട്മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേർസൺസ് വിത്ത് ഡിസബിലിറ്റി, സാമൂഹ്യ നീതി മന്ത്രാലയം, ഭാരത സർക്കാർ) ഓൺലൈൻ യോഗത്തിൽ മുഖ്യാഥിതിയായി. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് കോവി കെയർ പദ്ധതി മുതൽ കൂട്ടാകുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇത്തരം ശ്രമങ്ങൾ വ്യാപിപ്പിക്കണമെന്നും റാവു പറഞ്ഞു.

കണ്ണൂർ ജില്ലാ ജഡ്‌ജ് ആർഎൽ ബൈജു മുഖ്യപ്രഭാഷണം നടത്തി. മഅ്‌ദിൻ അക്കാഡമിക് ഡയറ്കടർ നൗഫൽ കോഡൂർ ആശംസകൾ നേർന്നു. ഏബ്‌ൾ വേൾഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മുഹമ്മദ് ഹസ്‌റത്ത്, സിആർസി കേരളയിലെ റിഹാബിലിറ്റേഷൻ ഓഫീസർ ഗോപിരാജ് പിവി എന്നിവർ യോഗത്തിൽ പങ്കെടുത്തു. സമാന മനസ്‌കരായ വ്യക്‌തികളും സർക്കാർ , സർക്കാരിതര സംവിധാനങ്ങളും ഇതിന്റെ ഭാഗമാകുമെന്നും ഭിന്നശേഷി വിഭാഗക്കാർക്കുള്ള കരുതൽ ശക്‌തമാക്കുമെന്നും സംഘാടകർ അറിയിച്ചു.
Most Read: കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ